2014 മാർച്ച് 2, ഞായറാഴ്‌ച

മുസരിസ് ഡയറി - ഒരു യാത്രാവിവരണം

2013 സെപ്റ്റംബര്‍ 21....ഞാനും എന്‍റെ സഹോദരന്‍ വിനോദ് ഐറിസും അതിരാവിലെ ഉണര്‍ന്ന് എണീറ്റ് ഹരിപ്പാട് റെയില്‍വേ സ്റ്റെഷനിലേക്ക് എന്‍റെ മോട്ടോര്‍ ബൈക്കില്‍ യാത്ര ആരംഭിച്ചു.
5.50 നുള്ളആലുവായ്ക്ക് രണ്ടു ടിക്കറ്റും എടുത്ത്  മംഗലാപുരം എക്സ്പ്രസ്സില്‍ കയറിക്കൂടി....ഞങ്ങളുടെ സു ഹൃത്ത് ലിംസന്‍റെ  ക്ഷണം അനുസരിച്ച് വെച്ചുപിടിക്കുകയായിരുന്നു മുസരിസ് പട്ടണത്തിലേക്ക്...

'മുസരിസ് പട്ടണം '....ചരിത്രം ഉണര്‍ന്നു തന്നെ ഇരിക്കുന്ന കൊടുങ്ങല്ലൂരിന്റെ മണ്ണ്....പറങ്കികളും അറബികളും യഹൂദരും ചീനക്കാരും എല്ലാം ഭാഗ്യാന്വേഷികള്‍ ആയെത്തി വിലസിയ മണ്ണ്...ചോര വീണ ചരിത്രങ്ങള്‍ ഉള്ള നാട്ടുരാജക്കന്മ്മാരുടെ മണ്ണ്... കച്ചവടക്കാരുടെയും മിഷനറിമാരുടെയും കലാകാ രന്മാരുടെയും മത്സ്യബന്ധനം  ഉപജീവന മാര്‍ഗ്ഗം ആക്കിയ സാധാരണ ക്കാരുടെയും മണ്ണ്....ചവിട്ടു നാടകത്തിന്റെ ജന്മഭൂമി....അങ്ങനെ  വിശേഷണങ്ങള്‍ക്ക് പഞ്ഞമില്ലാത്ത കേരളത്തിലെ പഴയ തുറമുഖ നഗരം....

ഞങ്ങള്‍ ആലുവയില്‍ എത്തി....അവിടെ നിന്നും ബസ്‌ സ്റ്റാന്‍ഡില്‍ വന്നു ...പറവൂര്‍ ബസ്സില്‍ കയറി...ലിമ്സന്‍ ഞങ്ങളെയും കാത്ത് ഡോണ്‍ ബോസ്കോ ദേവാലയത്തില്‍ നിന്നു... ലിമ്സന്റെബൈക്കില്‍ ഞാനും കൂടെ കയറി  നേരെ തുരുത്തിപ്പുറത്തെക്ക് ...ഫെറിയില്‍ ബൈക്കും ഞങ്ങളും ....കായല്‍ കടന്നൊരു യാത്ര...
അവിടെ മറ്റൊരു സുഹൃത്ത് ഞങ്ങളെയും കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഗോഡ്വിന്‍ ....ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നിന്നും വള്ളംകളി കാണാന്‍ മാത്രമായി എത്തിയതാണ് അദ്ദേഹം.... അദ്ദേഹത്തിന്‍റെ വീട്ടില്‍ പോയി അവിടെ നിന്നുംഗോഡ്വിന്‍റെ മോട്ടോര്‍ ബൈക്കും കൂടി എടുത്തു  ഞങ്ങള്‍ നേരെ ഡോണ്‍ ബോസ്കോ ദേവാലയത്തിലേക്ക്. അവിടെ പള്ളിയില്‍ ഒരു ചടങ്ങ് നടക്കുകയായിരുന്നു. പള്ളിയിലെ കൊയറില്‍ പാടുന്നത് ലിമ്സനിന്റെ ഭാര്യ ആണ്. പാട്ടും എല്ലാം കേട്ട് അവിടെ ഞങ്ങളെയും കാത്തിരിക്കുന്ന  വിനോദിനെയും കൂട്ടി ( പാട്ട് കേട്ട് വിനോദ് ഉറങ്ങി എന്നും പറയുന്നത് കേട്ടു ) ലിമ്സന്റെ ഭവനത്തിലേക്ക്‌....പുത്തന്‍വേലിക്കര....അതാണ്‌ ആ സ്ഥലത്തിന്‍റെ പേര്...രണ്ടു ബൈക്കുകളിലായി മുസരിസിന്റെ സിരകളിലൂടെ തലങ്ങും വിലങ്ങും ഒരു യാത്ര...നേരെ പോയത് ഗോതുരുത്തിലേക്ക് ....
അവിടെ SAC ന്‍റെ സാരഥികളുമായി സൌഹൃദസംഭാഷണം ഒക്കെ നടത്തിയ ശേഷം ഗോതുരുത്ത് വള്ളംകളിക്ക് ഒരു ചെറിയ ഉപഹാരവും നല്‍കി ഞങ്ങള്‍ യാത്ര തുടര്‍ന്നു..

പോകുന്ന വഴിയില്‍ പറവൂര്‍ ജലോത്സവം നടക്കുന്ന പുഴ, കോട്ടപ്പുറം ജലോത്സവം നടക്കുന്ന കായല്‍ , ചേരമാന്‍ പള്ളി, പൌരാണികമായ കത്തോലിക്കാ പള്ളി , കൊട്ടപ്പുറം പാലം , കൊടുങ്ങല്ലൂര്‍ ക്ഷേ ത്രം അങ്ങനെ പലതും കണ്ടു....

കോട്ടപ്പുറത്ത് ഞങ്ങള്‍ ആദ്യം സമിതി ഓഫീസില്‍ പോയി. ട്രാക്കും ഹീറ്റ്സും അറിയാന്‍ ആണ് പോയത്. സംഘാടകര്‍ക്ക് ചെറുവള്ളങ്ങളുടെ വിവരമേ അറിയൂ...ചുണ്ടനുകളുടെ ഹീറ്റ്സ് ഒക്കെ ആലപ്പുഴയില്‍ ആണ് തീരുമാനിക്കുന്നത് എന്ന് പറഞ്ഞു. എല്ലാ വള്ളങ്ങളും കൊണ്ട് വരുന്നതും ട്രാക്കും ഹീറ്റ്സും തീരുമാനിക്കുന്നതും എല്ലാം ഇടനിലക്കാരന്‍ തന്നെ... പിന്നെ ഫിനിഷിംഗ് പോയന്റിലേക്ക് പോയി. അവിടെ മൂന്നു ചുണ്ടനുകള്‍ കിടക്കുന്നുണ്ടായിരുന്നു. അവിടെ നിന്നവരോട് മറ്റുള്ളവ എവിടെ എന്ന് തിരക്കി. അപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞത് ഇങ്ങനെ.."ഇന്ന് വന്നത് തോല്‍ക്കാന്‍ ഉള്ള വള്ളങ്ങള്‍ ആണ്..ജയിക്കനുള്ളവ നാളെ കാലത്തെ എത്തൂ..." എന്ന്...കേട്ടപ്പോള്‍ വിഷമം തോന്നി...അവിടെ കിടന്ന വള്ളങ്ങള്‍ പായിപ്പാട്, ആലപ്പാട്, വലിയ ദിവാന്‍ജി എന്നിവ ആയിരുന്നു..
എല്ലാം പേരുകേട്ടവര്‍. അവരെ ഇങ്ങനെ നാണം കേടുത്തെണ്ടിയിരുന്നോ ? അഭിമാനം നഷ്ടപ്പെടുത്തി കിട്ടുന്ന പണം ചുണ്ടന്‍ വള്ള സമിതികള്‍ ഇനി വേണ്ട എന്ന് വെക്കണം...കാരണം ഈ വള്ളങ്ങള്‍ കരക്കാരുടെ അഭിമാനത്തിന്റെ പ്രതീകങ്ങള്‍ ആണ്..അവരെ ഇങ്ങനെ ജന മധ്യത്തില്‍ അപഹസിക്കരുത്..

പിന്നെ വലിയപണ്ഡിതന്‍ വള്ളം ഇരിക്കുന്ന സ്ഥലത്തേക്ക് പോയി....മിനുക്കുപണികള്‍ എല്ലാം നടത്തി കായല്‍ കരയില്‍ വിശ്രമിക്കുകയായിരുന്നു പണ്ഡിതന്‍....

നേരെ പോയത് സത്താര്‍ ഐലന്റിലേക്ക്‌ ...അവിടെയാണ് കല്ലടയിലും, പുന്നമടയിലും എല്ലാം വന്നു വിജയിച്ച ചരിത്രം ഉള്ള 'കര്‍ഷക തൊഴിലാളി' എന്ന വള്ളത്തിന്റെ സ്ഥലം....
ഇപ്പോള്‍ നാശോന്മുഖം ആയ ആ വള്ളത്തിന്റെ ദയനീയഅവസ്ഥ വളരെവിഷമിപ്പിച്ചു...അവിടുത്തെ നാട്ടുകാരായ ചിലരുമായി സംസാരിച്ചു... അവരില്‍ നഷ്ടബോധം പ്രകടമായിരുന്നു....
അവര്‍ക്ക്  ഉത്തേജ നം ഉണ്ടാക്കുന്ന രീതിയില്‍ ചില  ചര്‍ച്ചകള്‍ ഒക്കെ നടത്തിയ ശേഷം   ഞങ്ങള്‍ താണിയന്‍ കുടുംബം തേടി  പൊയത് ശ്രീ ഫ്രാന്‍സിസ് താണിയത്ത് വികാരിയച്ചന്‍ ആയുള്ള ദേവാലയത്തിലേക്ക് ആണ്...
അവിടെ സണ്‍ഡേയ് സ്കൂള്‍ കുട്ടികളുടെ ഓണാഘോഷം നടക്കുകയായിരുന്നു ...അത്തപ്പൂക്കള മത്സരം , വടംവലി മത്സരം തുടങ്ങിയവ...അത്തപ്പൂക്കള മത്സരത്തിന്‍റെ വിധികര്‍ത്താക്കള്‍ ആകാനുള്ള ഭാഗ്യവും  ഞങ്ങള്‍ക്ക് സിദ്ധിച്ചു... ശ്രീ ഫ്രാന്‍സിസ് താണിയത്തിന്‍റെ സഹോദരന്‍  ശ്രീ ആന്‍റോ  താണിയത്തും ഞങ്ങളോടൊപ്പം വിധി നിര്‍ണ്ണയത്തില്‍ പങ്കാളി ആയി...

ബൈക്കുകള്‍ അവിടെ വെച്ച ശേഷം ശ്രീ ഫ്രാന്‍സിസ് അച്ഛന്റെ കാറില്‍ നേരെ പോയത് താണിയന്‍ കുടുംബത്തിലേക്ക് ആണ്...വഴി മദ്ധ്യേ  ശ്രീ ഫ്രാന്‍സിസ് താണിയത്തിന്‍റെ സഹോദരന്‍  ശ്രീ താഡോ താനിയത്തിനെ കണ്ടു...അദ്ദേഹം ഞങ്ങള്‍ക്കൊപ്പം കുടുംബത്തിലേക്ക് വന്നു...
അവിടെ ചെന്നപ്പോള്‍ ഓടി വള്ളങ്ങളിലെ ചക്രവര്‍ത്തി 'താണിയന്‍' സുഖ ചികിത്സ എല്ലാം നടത്തി വിശ്രമിക്കുന്ന കാഴ്ച ആണ് കണ്ടത്..വള്ളത്തിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ശ്രീ  താഡോ താനിയത്ത് ആണ്... അപ്പോള്‍ മധ്യ മേഖല വള്ളംകളികളുടെ സംഘാടകനും താണിയന്‍ കുടുംബത്തിലെ മുതിര്‍ന്ന സഹോദരനുമായ ജോസി താണിയത്ത് അവിടെ എത്തി...അദ്ദേഹവുമായും സംസാരിച്ചു...ചില ചിത്രങ്ങള്‍ക്കും അവര്‍ ഞങ്ങളോടൊപ്പം പോസ് ചെയ്തു....അവിടെനിന്നും പിന്നെ പോയത് പ്രസിദ്ധമായ ചെറായി ബീച്ചിലേക്ക് ആയിരുന്നു...അപ്പോള്‍ നേരം സന്ധ്യ കഴിഞ്ഞിരുന്നു... കുറച്ചു സമയം അവിടെ സൌഹൃദ സംഭാഷണങ്ങള്‍ നടത്തിയ ശേഷം അടുത്തുള്ള ബീച്ച് റിസോര്‍ട്ടില്‍ നിന്നും ലഘു ഭക്ഷണം ഒക്കെ കഴിച്ചു..അച്ഛന്റെ സല്‍ക്കാരം സ്വീകരിച്ച ഞങ്ങള്‍ അച്ഛനോടൊപ്പം തിരികെ പോയി...പള്ളിയില്‍ എത്തി ബൈക്കും എടുത്തു നേരെ പോയത് ഫെറിയിലേക്ക് .. സമയം ഒന്‍പതു മണി....അവസാന ബോട്ട് ഞങ്ങളുടെ ഭാഗ്യത്തിന് അവിടെ തന്നെ ഉണ്ടായിരുന്നു...അതില്‍ കയറി നേരെ ലിമ്സന്റെ വീട്ടിലേക്കു പോയി ..
ഭക്ഷണവും ഒരുക്കു ലിമ്സന്റെ കുടുംബം കാത്തിരിക്കുകയായിരുന്നു ...അതും കഴിച്ച് നേരെ പോയത് ഫെസ്ബുകില്‍ അന്നത്തെ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുവാന്‍...എല്ലാം കഴിഞ്ഞു പിറ്റേ ദിവസത്തെ വള്ളംകളികളെ മനസ്സില്‍ ഓര്‍ത്തുകൊണ്ട്‌ ഉറങ്ങാന്‍ കിടന്നു....

2013 സെപ്റ്റംബര്‍ 22 ഞായര്‍
രാവിലെ തന്നെ ഞാനും ലിമ്സനും കൂടി വലിയപണ്ഡിതന്‍ ഇരിക്കുന്ന സ്ഥലത്ത് പോയി ..ഉച്ചയ്ക്ക് കോട്ടപ്പുറത്തെ കളിക്കായി റെഡി ആയി ഇരിക്കുന്നു...തുരുത്തിപ്പുറത്ത് ഒന്ന് ചുറ്റിയിട്ടു ഞങ്ങള്‍ വീണ്ടും ലിമ്സന്റെ വീട്ടില്‍ എത്തി..ആഹാരമൊക്കെ കഴിച്ച ശേഷം നേരെ ഫേസ്ബുക്ക് നോക്കാന്‍ ഇരുന്നു..
തലേദിവസത്തെ ചില കാര്യങ്ങള്‍ പോസ്റ്റ്‌ ചെയ്തു.. പിന്നെ ലിമ്സന്റെ വീടും പരിസരവും ഒക്കെ നടന്നു കണ്ടു..നിറയെ ജാതി മരങ്ങളും കമുകും..കൃഷി സ്ഥലങ്ങള്‍ ആണ് അവിടെ നിന്നും അങ്ങോട്ട്‌ എല്ലാം..
പിന്നെസമയം 10 മണി കഴിഞ്ഞു ... വീണ്ടും ഞങ്ങള്‍ മൂന്ന്‍ പേരും തുരുത്തിപ്പുറത്തെക്ക്. അവിടെ വലിയപണ്ഡിതന്‍ നീരണിയാന്‍ സമയമാകുന്നു...കായല്‍ കരയില്‍ എത്തിയപ്പോള്‍ നിറയെ ആളുകള്‍ എത്തിയിരിക്കുന്നു... ചെറിയ കാറ്റില്‍ കായലിലെ വെള്ളം ഓളം തല്ലുന്ന സുന്ദരമായ ശബ്ദം കേട്ടുകൊണ്ടിരുന്നു..അവിടെ ഒന്ന്‍ രണ്ട് ചീനവലകളും  കാണാന്‍ കഴിഞ്ഞു...തുഴചിക്കാര്‍ എല്ലാം വന്നു കായല്‍ കരയില്‍ നിരന്നു..വള്ളത്തിന്റെ തലയും തുഴകളും എടുത്ത് കുറച്ചുപേര്‍ അടുത്തുള്ള കുരിശടിയിലേക്ക് പോയി..അവിടെ മുന്‍പില്‍ വെച്ച് പ്രാര്‍ത്ഥിച്ചു...ഒരാള്‍ ഒരു കുടം വെള്ളവും ഒരു തൂശന്‍ ഇലയും കൊണ്ട് വന്നു കരയില്‍ വെച്ചു. പിന്നെ ക്യാപ്റ്റന്‍ എല്ലാവരോടുമായി സംസാരിക്കാന്‍ തുടങ്ങി. അവരില്‍ പ്രചോദനം ഉണ്ടാക്കുന്ന വാക്കുകള്‍..തുഴചില്‍ക്കാര്‍ക്കുള്ള ജേഴ്സിയും പിന്നെ കുരിശു മാലയും എല്ലാം വള്ളത്തില്‍ വെച്ചു. ഒരു വെള്ള കൊടിയും കൊണ്ടുവന്നു. വള്ളം കമഴ്ത്തി ആണ് വെച്ചിരിക്കുന്നത്. അങ്ങനെ തന്നെ ആണ് എടുത്ത് നീറ്റില്‍ ഇറക്കുന്നതും. പ്രാര്‍ഥനയുടെ സമയം ആയി. എല്ലാവരും ചേര്‍ന്ന് ഉച്ചത്തില്‍ സ്തുതി ഗീതം പാടി..ഗോഡ് വിന്‍ അവിടെയെല്ലാം ഓടി നടന്നു ചിത്രങ്ങള്‍ പകര്‍ ത്തുന്നുണ്ടായിരുന്നു..പിന്നെ എല്ലാവരും ചേര്‍ന്ന് വള്ളം എടുത്ത് ഉയര്‍ത്തി കായലിലേക്ക് അങ്ങനെ തന്നെ ഇറക്കി..മുക്കി വലതുഭാഗത്തെക്ക് മറിച്ചു. ഇതെല്ലം പ്രത്യേകത ഉള്ള ഒന്നായി തോന്നി..
അപ്പോഴേക്കും ഗോതുരുത്തില്‍ വള്ളംകളിക്കുള്ള സമയം ആയിരുന്നു...ഞങ്ങള്‍ വേഗം അങ്ങോട്ട്‌ തിരിച്ചു..അവിടെ എത്തിയപ്പോള്‍ SAC ന്‍റെ സംഘാടകരില്‍ ചിലര്‍ ഞങ്ങളെ വേദിയിലേക്ക് കൊണ്ടുപോയി. അപ്പോള്‍ മാസ് ഡ്രില്‍ നടക്കുകയായിരുന്നു..ഞങ്ങള്‍ അവിടെ ഒരു സ്ഥലം സംഘടിപ്പിച്ച് ഫേസ്ബുക്ക് updates നല്‍കുവാന്‍ ആരംഭിച്ചു. ആകെ ഒരു ഉത്സവ പ്രതീതി...പ്രമുഖരായ പലരും അപ്പോള്‍ വേദിയില്‍ എത്തി..പ്രസംഗങ്ങളും നടന്നുകൊണ്ടെയിരുന്നു ...സമയം പാഴാക്കാതെ തന്നെ മത്സരങ്ങള്‍ ആരംഭിച്ചു...കഴിഞ്ഞ തവണത്തെതില്‍ നിന്നും വ്യത്യസ്തമായി ആധികാരിക വിജയങ്ങള്‍ ആയിരുന്നു പലര്‍ക്കും.

കോട്ടപ്പുറം വള്ളംകളിയുടെ സമയം ആകുന്നു എന്ന് കണ്ടപ്പോള്‍ നേരെ ഞങ്ങള്‍ അങ്ങോട്ട്‌ പോയി...പോകുന്ന വഴിയില്‍ തന്നെ ഭക്ഷണവും കഴിച്ചു..കോട്ടപ്പുറം പാലത്തില്‍ എത്തിയപ്പോള്‍ ശ്രീ കാര്‍ത്തികേയനും പായിപ്പാടും ട്രയല്‍ നടത്തുകയായിരുന്നു. കോട്ടപ്പുറത്ത് എത്തിയപ്പോള്‍ ഞങ്ങള്‍ അവിടെ സുഹൃത്തും തിരുവാര്‍പ്പ്  ബോട്ട് ക്ലബ്ബിന്‍റെ അംഗവും ആയ വരുണിനെ കണ്ടു. ഞങ്ങള്‍ ഒരുമിച്ചു വേദിയിലേക്ക് കയറി...ഞങ്ങള്‍ക്ക്  മൂന്നുപേര്‍ക്കും  വിക്ടറി ലൈനില്‍ തന്നെ ദ്രിക്സാക്ഷി വിവരണക്കാരുടെ അടുത്ത് തന്നെ ഇരിപ്പിടം ലഭിച്ചു. അവിടെ ഇരുന്നു ഫേസ്ബുക്ക് updates കൊടുക്കുവാന്‍ തുടങ്ങി. അവിടെ വെച്ച് ശ്രീ ജോസി താനിയത്തിനെ വീണ്ടും ഞങ്ങള്‍ കണ്ടുമുട്ടി..അതുപോലെ കാരിച്ചാല്‍, വെള്ളംകുളങ്ങര ചുണ്ടന്‍ വള്ള സമിതിയുടെ ചില അംഗങ്ങളെയും കണ്ടു.. ശ്രീ ഷാം  റോയ് ആലപ്പാട് സ്വന്തം വള്ളമായ ആലപ്പാടിനെ നയിച്ചുകൊണ്ട് വള്ളത്തില്‍ ഉണ്ടായിരുന്നത് സന്തോഷം ഉണ്ടാക്കി. വള്ളങ്ങള്‍ എല്ലാം വന്നു. ഉത്ഘാടനവും മാസ്ഡ്രില്ലും എല്ലാം നടന്നു. കമന്ട്രിയില്‍ ഒട്ടനേകം അബദ്ധങ്ങള്‍ തുടരെ തുടരെ വന്നുകൊണ്ടേയിരുന്നു..തുഴച്ചില്‍ ക്കാരെ  തുഴയാളികള്‍ എന്ന് വിളിക്കുന്ന മറ്റെങ്ങും കേള്‍ക്കാത്ത ഒരു  പ്രയോഗം അവിടെ കേട്ടു ...എങ്കിലും ആവേശം ഉണ്ടാക്കാന്‍ അവര്‍ക്കായി...ചുണ്ടന്‍ ഹീറ്റ്സുകള്‍ ഏകപക്ഷീയമായിരുന്നു. എന്നാല്‍ ചെറുവള്ളങ്ങളുടെ മത്സരം മികച്ചതായിരുന്നു.
അതാണ്‌ അവിടുത്തെ ഹൈലൈറ്റ് ...ഞാന്‍ updates ന്‍റെ തിരക്കില്‍ ആയി..ചെറു വള്ളങ്ങളുടെ മത്സരം നടക്കുമ്പോള്‍ ആളുകള്‍ കൂട്ടമായി എനിക്ക് പിന്നില്‍ വന്നു തള്ളുന്നുണ്ടായിരുന്നു ..അതൊക്കെ സഹിച്ച് ഞാന്‍ എന്റെ ജോലിയില്‍ മുഴുകി. എല്ലാവരും ഉറ്റുനോക്കിയ താണിയന്‍ - വലിയപണ്ഡിതന്‍ പോരാട്ടം തുടങ്ങുകയായി..ആരവം ഉച്ചസ്ഥായിയില്‍ എത്തി...പാലം കഴിയുന്ന വരെ ഒപ്പത്തിനൊപ്പം...പാലം കഴിഞ്ഞപ്പോള്‍ താണിയനിലെ ചാമ്പ്യന്‍ ഉണര്‍ന്നു...അവര്‍ ക്രമേണ ലീഡ് ഉയര്‍ത്തിക്കൊണ്ടെയിരുന്നു . അവസാനം രാവിലെ ഗോതുരുത്തില്‍ നേടിയ വിജയം ഇവിടെയും ആവര്‍ത്തിച്ചു.
ഒരേ ദിനം രണ്ടു ട്രോഫികള്‍. അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വം...ഞങ്ങള്‍ ജോസി താനിയത്തിനെ അഭിനന്ദിച്ചു...അപ്പോള്‍ തന്നെ കാണികളിലെ പകുതിയില്‍ ഏറെ പേരും സ്ഥലം വിട്ടു. അവര്‍ ഉറ്റുനോക്കിയ മത്സരം ഇതായിരുന്നു..ഇത് മാത്രമായിരുന്നു..പിന്നെ ചുണ്ടന്‍ ഫൈനല്‍...സ്റ്റാര്‍ട്ട് ചെയ്യുന്നു...തിരികെ വിളിക്കുന്നു...പല തവണ ഇതാവര്‍ത്തിച്ചു...സമയം പോയ്ക്കൊണ്ടെയിരുന്നു ...അവസാനം ആകാശം ഇരുണ്ട് തുടങ്ങി...മത്സരം ആരംഭിച്ചു...പാലത്തിനു പടിഞ്ഞാറ് വശം വരെ എല്ലാരും ഒപ്പത്തിനൊപ്പം...അതിനു ശേഷം മത്സരത്തിന്‍റെ സ്വഭാവം മാറി..
കാര്‍ത്തികേയനും, കാരിച്ചാലും വെള്ളംകുളങ്ങരയും...വെള്ളംകുളങ്ങര കുതിച്ചു....കാരിച്ചാല്‍ അല്‍പ്പം പിറകില്‍ ആയി...കാര്‍ത്തികേയന്‍ വിടാതെ പിടിച്ചു...വെള്ളംകുളങ്ങര ന്യായമായ ലീഡിലേക്ക് ....
എല്ലാവരും ഏതാണ്ട് ഉറപ്പിച്ചു ..പുത്തന്‍ ചുണ്ടന്റെ കണ്ണി വിജയം...എന്നാല്‍ 15 മീറ്റര്‍ അവശേഷിക്കെ അത്ഭുതം സംഭവിച്ചു ഞങ്ങളുടെ കണ്മുന്നില്‍...പിന്നില്‍ നിന്നും ഇടിച്ചു കയറി ശ്രീ കാര്‍ത്തികേയന്‍ വിജയം തട്ടിയെടുത്തു...ആ വാര്‍ത്തകള്‍ കൂടി ഫേസ്ബുക്കില്‍ ഇട്ടശേഷം എല്ലാം പായ്ക്ക് ചെയ്ത് വേഗം വെളിയിലേക്ക് ഇറങ്ങി...അവിടെ വെച്ച് ഫ്രാന്‍സിസ് താനിയത്തിനെയും സഹോദരനെയും കണ്ടു. അവര്‍ക്ക് അഭിനന്ദനം അര്‍പ്പിച്ച ശേഷം ലിമ്സനോടും താണിയന്‍ കുടുംബത്തോടും യാത്ര പറഞ്ഞ ശേഷം അവരുടെ ഒരു സുഹൃത്തിന്റെ കാറില്‍ കയറി ബസ്‌ സ്റ്റെഷനിലേക്ക് പുറപ്പെട്ടു.
അവിടെ ബസ് കാത്തു നില്‍ക്കുമ്പോള്‍ ഒരു ബസില്‍ കാരിചാലിന്റെ ക്യാപ്റ്റന്‍ സിബിയും സഹോദരനും പിന്നെ നാട്ടുകാരായ ചില സുഹൃത്തുക്കളെയും കണ്ടു...ഓടി അതില്‍ കയറി ഹരിപ്പാട്ടെക്ക് യാത്ര തുടങ്ങി...ഇപ്പോഴത്തെ വള്ളംകളിയെ പറ്റി എല്ലാം ഞങ്ങള്‍ ബസില്‍ വെച്ച് സംസാരിച്ചു...രാത്രി 11 മണിയോടെ ഹരിപ്പാട്ട് എത്തി....നേരെ റെയില്‍വേ സ്റ്റേഷനില്‍ എത്തി ബൈക്കും എടുത്ത് വീട്ടിലേക്ക് ....അമ്മയും അച്ഛനും  ഞങ്ങളെയും കാത്ത് ഉറങ്ങാതെ ഇരിക്കുന്നുണ്ടായിരുന്നു....

മുസരിസ് യാത്രയും വള്ളംകളിയും ഒക്കെ ഒരിക്കലും മറക്കാന്‍ ആവാത്ത അനുഭവങ്ങള്‍ ആയി മാറി...അതില്‍ പേരെടുത്തു പറയേണ്ടത് ലിമ്സന്‍ ,  ഫ്രാന്‍സിസ് താനിയത്ത്, ഗോഡ് വിന്‍ (അദ്ദേഹത്തിന്‍റെ ബൈക്കില്‍ ആണ് ഞാന്‍ മുസരിസ് മുഴുവന്‍ ചുറ്റിയത് ). ജോസി താനിയത്ത് എന്നിവര്‍ ആണ് , പിന്നെ  താണിയന്‍ കുടുംബത്തിലെ മറ്റുള്ള അംഗങ്ങള്‍, ലിമ്സനിന്റെ കുടുംബം, SAC ഗോതുരുത്ത് ഭാരവാഹികള്‍ എന്നിവരും....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.