കാരിച്ചാലിനെയും വെള്ളംകുളങ്ങരയേയും വേര്‍തിരിക്കുന്ന തോടിന്‍റെ മുകളില്‍ അവരെ വീണ്ടും ബന്ധിപ്പിക്കുന്ന പാലം...ഇന്ത്യാ -പാകിസ്താന്‍ അതിര്‍ത്തി ആയ 'വാഗ ഗേറ്റ് ' പോലെ വര്‍ത്തിക്കുന്ന ഈ പാലത്തിനു വള്ളംകളിയുമായി ബന്ധപ്പെട്ട് കുറെ കഥകള്‍ പറയാനുണ്ടാകും...പണ്ട് വീതിയുള്ളതും നല്ല നീരോഴുക്കുള്ളതും കെട്ടുവള്ളങ്ങള്‍ വരെ വന്നിരുന്നതുമായ തോടിന് മുകളില്‍ തലയുയര്‍ത്തി നിന്ന ഈ പാലത്തില്‍ ചൂണ്ടക്കാരും വലക്കാരും അവരെ പ്രോത്സാഹിപ്പിക്കാന്‍ കുറെ കുട്ടിപ്പട്ടാളവും ഒരു നിത്യ കാഴ്ച ആയിരുന്നു. വള്ളംകളി സീസണ്‍ ആകുന്നതോടെ ചര്‍ച്ചകളും വെല്ലുവിളികളും ഒക്കെ ഇവിടെ നടക്കും. അക്കാലത്ത് കാരിച്ചാലിന്റെ ചാകര കൊയ്ത്തു കാലം....യു ബി സി യും കുമരകം ടീമും ഒക്കെ കാരിച്ചാലില്‍ വെന്നിക്കൊടി പാറിച്ച കാലം. കാരിച്ചാലിന്റെ തോല്‍വിയ്ക്കായി മറ്റു കരക്കാര്‍ വേഴാമ്പലിനെ പോലെ കാത്തിരുന്നു അന്ന്. നെഹ്‌റു ട്രോഫിയില്‍ ജയിക്കുമ്പോള്‍ കാരിച്ചാല്‍ ആരാധകര്‍ മാലപ്പടക്കവും ഗുണ്ടുകളും ഒക്കെ ഈ പാലത്തില്‍ കൊണ്ടുവന്നു പൊട്ടിക്കും..വെള്ളംകുളങ്ങരക്കാരെ കലിപ്പിക്കാന്‍ തന്നെ ആണത്. എന്നിട്ട് കൂവി വിളിച്ചിട്ട് പോകും. അടുത്ത വര്ഷം മികച്ച ക്ലബ്ബുമായി നെഹ്‌റു ട്രോഫിയില്‍ മത്സരിക്കാന്‍ പോകുമ്പോള്‍ വെള്ളംകുളങ്ങരക്കാര്‍ തികഞ്ഞ പ്രതീക്ഷയിലും അല്‍പ്പം അമിതാവേശത്ത്തിലും ആയിരുന്നു. മാലപ്പടക്കവും ഗുണ്ടുകളും ഒക്കെ നേരത്തെ വാങ്ങി റെഡി ആക്കി വെച്ചു. വള്ളംകളി ആരംഭിച്ചു. റേഡിയോയില്‍ ദൃക്സാക്ഷി വിവരണം ചൂട് പിടിച്ചു കൊണ്ടേയിരുന്നു. വള്ളങ്ങള്‍ ഒപ്പത്തിനൊപ്പം. മാലപ്പടക്കവും ഗുണ്ടുകളും ഒക്കെ പാലത്തില്‍ ഒരുക്കി വെച്ച് ചിലര്‍ കാത്തിരുന്നു ആ വിജയ വാര്‍ത്തയ്ക്കായി. ഫിനിഷിങ്ങില്‍ വള്ളങ്ങള്‍ എല്ലാം ഏതാണ്ട് ഒരേപോലെ കടന്നുപോയി. വിധിയ്ക്കായി ജട്ജസിനു കാതോര്‍ത്തു. എവിടെയും നിരാശ പടര്‍ന്നു തുടങ്ങി. പ്രഖ്യാപനം വന്നു...'വിജയി കാരിച്ചാല്‍'...കാരിച്ചാല്‍ കരയില്‍ ആര്‍പ്പുവിളികള്‍ ഉയരുമ്പോള്‍ പാലത്തിനപ്പുറത്ത് നിരാശയോടെ തിരികെ പോകുന്നവരുടെ കാഴ്ച..മാലപ്പടക്കവും ഗുണ്ടുകളും ഒക്കെ ആ തോല്‍വിയുടെ നിരാശയില്‍ വെള്ളംകുളങ്ങര അമ്പലക്കുളത്തില്‍ എറിഞ്ഞു കളഞ്ഞു. പൊട്ടി വിടരാന്‍ ആഗ്രഹിച്ച പടക്കങ്ങള്‍ക്ക് മുങ്ങി മരണം ആയി അവസാന വിധി. അപ്പോള്‍ കാരിച്ചാല്‍ കരയില്‍ ആഹ്ലാദം ഉന്മാദത്തിലൂടെ അഹങ്കാരമായി വളര്‍ന്നിരുന്നു. മാസങ്ങള്‍ അതിവേഗം കടന്നുപോയി. വീണ്ടും ഒരു നെഹ്‌റു ട്രോഫി കാലം...ഹാട്രിക്ക് ലക്ഷ്യമാക്കി കാരിച്ചാല്‍...എതിരാളികള്‍ ഉള്‍പ്പെടെ ഉള്ള വള്ളംകളി പ്രേമികള്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു...ആരും അങ്ങോട്ട് പോയിട്ട് വലിയ കാര്യമൊന്നും ഇല്ല...കാരിച്ചാല്‍ തന്നെ നേടും...കാരിച്ചാല്‍ കര ഒന്നാകെ ആനന്ദ ലഹരിയില്‍ ആയിരുന്നു. വെള്ളംകുളങ്ങരയില്‍ അത്ര പ്രശസ്തം ഒന്നും അല്ലാത്ത പള്ളാത്തുരുത്തി ബോട്ട് ക്ലബ്. കാരിച്ചാലില്‍ വില്ലേജ് ബോട്ട് ക്ലബ് കൈനകരി. മത്സരം ആരംഭിച്ചു. നാഗവള്ളി സാറും പി ഡി ലൂക്കും ദൃക്സാക്ഷി വിവരണത്തിലൂടെ ശ്രോതാക്കളെ പുളകം കൊള്ളിച്ചുകൊണ്ടെയിരുന്നു .."73, 74, 75, 76, 80, 82, 83, 84, 86, 87 വര്‍ഷങ്ങളില്‍ ട്രോഫി നേടിയ കാരിച്ചാല്‍...മൂന്നാം ഹാട്രിക് നെടുമെന്നുറച്ചു അതി ശക്തമായ പോരാട്ടം കാഴ്ചവെക്കുന്നു...വള്ളങ്ങള്‍ ഒപ്പത്തിനൊപ്പം...കാരിച്ചാല്‍ അല്‍പ്പം മുന്നില്‍...അല്ല...വെള്ളംകുളങ്ങര കുതിച്ചു പായുന്നു...കാരിച്ചാല്‍ വിട്ടുകൊടുക്കുന്നില്ല.... എന്തൊരു പോരാട്ടം...വെള്ളത്തുള്ളികള്‍ പളുങ്ക് മണികള്‍ പോലെ ചിന്നി ചിതറുന്നു. ആവേശം മൂത്ത് കാണികള്‍ വെള്ളത്തിലേക്ക് എടുത്തു ചാടുന്നു.. ഫിനിഷിങ്ങിനോട് അടുക്കുമ്പോള്‍ അതിശക്തമായ പോരാട്ടം...ഒപ്പത്തിനൊപ്പം...കേറിവാ...." ജീവന്മരണ പോരാട്ടത്തില്‍ അവസാന നിമിഷം കാരിചാലിനെ അക്ഷരാര്‍ത്ഥത്ത്തില്‍ ഞെട്ടിച്ച് വെള്ളംകുളങ്ങര പണ്ഡിറ്റ്ജിയുടെ വെള്ളിക്കപ്പ് നേടുമ്പോള്‍ ഇവിടെ അകവൂര്‍ പാലത്തിനരികില്‍ ആഘോഷം കൊടുംമ്പിരിക്കൊള്ളുകയായിരുന്നു..ആരോ വേഗം പോയി മാലപ്പടക്കവും ഗുണ്ടും ഒക്കെ വാങ്ങി കൊണ്ടുവന്ന് മതിവരുവോളം പൊട്ടിച്ചു... കാരിച്ചാല്‍ കരയില്‍ ഒരു മരണവീട്ടിലെ അന്തരീക്ഷം ആയിരുന്നു അപ്പോള്‍. എല്ലാം ഒന്നടങ്ങി എന്ന് കരുതി ഇരിക്കുമ്പോള്‍ കളി കഴിഞ്ഞു ആലപ്പുഴയില്‍ നിന്നും മടങ്ങി വന്ന വെള്ളംകുളങ്ങരക്കാര്‍ 'കെട്ടു കെട്ടിച്ചേ...കെട്ടു കെട്ടിച്ചേ...' എന്നും വിളിച്ചു കൊണ്ട് ആഘോഷമായി പോയത് കാരിചാല്‍ക്കാര്‍ക്ക് ഒരു ഉറക്കമില്ലാത്ത രാത്രി ആണ് സമ്മാനിച്ചത്.വര്‍ഷങ്ങള്‍ ഏറെ കടന്നു പോയി...വള്ളംകളികള്‍ പലതു കഴിഞ്ഞു..പലരും വിജയികള്‍ ആയി...അകവൂര്‍ പാലം പഴയകാല ഓര്‍മ്മകളും പേറി പുതിയ കഥകള്‍ക്കായി അവിടെ ഉറങ്ങാതെ നിലകൊള്ളുന്നു......

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.